ഐസ്‌ക്രീം പതയാന്‍ വാഷിംഗ്‌ പൗഡര്‍; പഞ്ചസാരയിലും ഉപ്പിലും ചോക്കുപൊടി


ഐസ്‌ക്രീം പതയാന്‍ വാഷിംഗ്‌ പൗഡര്‍; പഞ്ചസാരയിലും ഉപ്പിലും ചോക്കുപൊടി


ഐസ്‌ക്രീമിനു മുന്നില്‍ എല്ലാം മറക്കുന്നവര്‍ക്ക്‌ കേള്‍ക്കാന്‍ അത്ര രസമുള്ള കാര്യങ്ങളല്ല ബ്യൂറോ ഓഫ്‌ ഇന്ത്യന്‍ സ്‌റ്റാന്‍ഡേര്‍ഡി(ബി.ഐ.എസ്‌)ന്റെ കണ്ടെത്തല്‍.
മധുരമൂറുന്ന ഐസ്‌ക്രീം കഴിക്കുമ്പോള്‍ വയറിന്‌ വല്ലവിധത്തിലുള്ള അസ്വസ്‌ഥതയുമുണ്ടാക്കുന്നുണ്ടെങ്കില്‍ സംശയിക്കേണ്ട, അതില്‍ നിശ്‌ചിത ശതമാനം വാഷിംഗ്‌ പൗഡര്‍ ഉണ്ടാകും.
ഐസ്‌ക്രീം പതഞ്ഞു പൊങ്ങാനായി വാഷിംഗ്‌ പൗഡറാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌.
കൊച്ചിയില്‍ ബി.ഐ.എസ്‌ സംഘടിപ്പിച്ച ഭക്ഷ്യസുരക്ഷയില്‍ മാനദണ്ഡങ്ങളുടെ പങ്ക്‌ എന്ന സെമിനാറില്‍ ഡോ. സീതാറാം ദീക്ഷിത്‌ അവതരിപ്പിച്ച പ്രബന്ധത്തിലാണ്‌ ഈ കണ്ടെത്തലുള്ളത്‌.
കുട്ടികളാണ്‌ ഇതിന്റെ ഉപയോക്‌താക്കളെന്നുള്ളത്‌ ആശങ്കയുണ്ടാക്കുന്നു. വേഗത്തില്‍ പണം സമ്പാദിക്കാനായി ഉല്‍പാദകരും കച്ചവടക്കാരും ഭക്ഷ്യവസ്‌തുക്കളില്‍ വന്‍തോതില്‍ മായം ചേര്‍ക്കുന്നതായി കണ്ടെത്തി.
കേരളത്തില്‍ ഏറ്റവുമധികം മായം ചേര്‍ക്കുന്ന ഭക്ഷ്യവസ്‌തു പാലാണെന്നാണ്‌ പഠനറിപ്പോര്‍ട്ട്‌.
പാലില്‍ ചെറിയ തോതില്‍ വെള്ളം ചേര്‍ക്കുന്നതുപോലും പാലിന്റെ അടിസ്‌ഥാനഘടനയെ മാറ്റുന്നുണ്ട്‌. സാധാരണ താപനിലയില്‍ മായം ചേര്‍ക്കാത്ത പാല്‍ വേഗത്തില്‍ കേടാകും.
പാലില്‍ മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ സാധാരണനിലയില്‍ കൂടുതല്‍ സമയം കേടാകാതെ ഇരിക്കും. പാലിലെ മായം ചേര്‍ക്കല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്‌.
ഇന്ത്യയിലെ മുക്കാല്‍ഭാഗം ജനങ്ങളും ഉപയോഗിക്കുന്ന ഗോതമ്പില്‍ മണലും പൊടിയും ചേര്‍ത്താണ്‌ വിപണിയിലെത്തിക്കുന്നത്‌.
ഇഷ്‌ടികപ്പൊടി, ചുവന്ന നിറത്തിലുള്ള ഡൈ എന്നിവയാണ്‌ മുളകുപൊടിയിലെ പ്രധാനഘടകം.
കടുകിനോടൊപ്പം ആര്‍ഗിമോണ്‍ വിത്തുകള്‍, പഞ്ചസാരയിലും ഉപ്പിലും ചോക്കുപൊടി, കോഫിയില്‍ ചിക്കറി, മഞ്ഞള്‍പ്പൊടിയില്‍ മെറ്റാനില്‍ യെല്ലോ, നെയ്‌, വെണ്ണ എന്നിവയില്‍ വനസ്‌പതി, കുരുമുളകില്‍ പപ്പായയുടെ കുരു, ജീരകത്തില്‍ ചാര്‍ക്കോളും ചെടികളുടെ ചെറിയവിത്തും കട്ടിയായപാല്‍, പനീര്‍ എന്നിവയില്‍ സ്‌റ്റാര്‍ച്ചുമാണ്‌ ചേര്‍ക്കുന്നത്‌.
ബജറയോടൊപ്പം കേടായ ബജറയും കൂടി ചേര്‍ത്താണ്‌ വില്‍പ്പന. കായത്തിലെ പ്രധാനഘടകം സോപ്പുകായയാണ്‌.
വെജിറ്റബിള്‍ ഓയിലില്‍ ആവണക്കെണ്ണയും മിനറല്‍ ഓയിലും ചേര്‍ക്കുന്നതായും കണ്ടെത്തി.
മായം ചേര്‍ക്കല്‍ നിരോധനനിയമം കര്‍ശനമായി നടപ്പാക്കിയാല്‍ മാത്രമേ മായം ചേര്‍ക്കല്‍ തടയാന്‍ കഴിയുകയുള്ളൂ.
കൃത്യമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്നാണ്‌ സെമിനാറിന്റെ വിലയിരുത്തല്‍.

Post your comments here :