ശുഭ ചിന്ത -ബി-പോസിറ്റിവ് [+]

ശുഭ ചിന്ത -ബി-പോസിറ്റിവ് [+]
ഈശ്വരന്‍ എന്നൊരു ശക്‌തിയുണ്ടെന്ന്‌ മനസ്സിലാക്കുക. ചിലര്‍ ചോദിക്കാറുണ്ട്‌ നിങ്ങള്‍ ഈശ്വരനെ കണ്ടിട്ടുണ്ടോയെന്ന്‌? ഉത്തരം പറയുന്നതിന്‌ മുമ്പ്‌ നിങ്ങള്‍ ഒന്നുകില്‍ ജിയോഗ്രഫി ചാനല്‍ ഓണ്‍ ചെയ്യുക അല്ലെങ്കില്‍ ഡിസ്‌ക്കവറി ചാനല്‍ ഓണ്‍ ചെയ്യുക. 16 ലക്ഷം തരത്തിലുള്ള ജന്തുക്കളുണ്ട്‌ ഭൂമിയില്‍. അത്‌ ജനിച്ച്‌ വലുതായി മരിക്കുന്ന സീന്‍ വരെ നിങ്ങള്‍ക്ക്‌ അതില്‍ കാണാന്‍ സാധിക്കും.
പല്ലിയുടെ മുട്ട കണ്ടിട്ടുണ്ടോ? ആ മുട്ടയ്‌ക്കകത്ത്‌ മുട്ടയിട്ട ദിവസം പൊട്ടിച്ചാല്‍ അല്‌പം വെള്ളം പോലത്തെ ദ്രാവകമേ ഉണ്ടാകൂ. കൃത്യം 11 ദിവസംകൊണ്ട്‌ ആ ദ്രാവകം ഒരു പല്ലിയായി മാറും. എത്ര ബയോകെമിക്കല്‍ ചെയ്‌ഞ്ചാണ്‌ ആ മുട്ടയ്‌ക്കകത്തുണ്ടാകുന്നത്‌. ഒരു കോഴി മുട്ടയിട്ടു കഴിഞ്ഞാല്‍ 21-ാം ദിവസം കൊക്കുള്ള, നഖങ്ങളുള്ള, കാലുകളുള്ള, ചിറകുകളുള്ള ഇറച്ചിവച്ച ഒരു കോഴിക്കുഞ്ഞ്‌ പുറത്തേക്ക്‌ വരും.
ആ ചിത്രം ഒന്ന്‌ ചിന്തിച്ചുനോക്കൂ. ഒരു വിരിയാറായ കോഴിമുട്ട, വിരിയാറായ താറാവുമുട്ട കുളക്കടവില്‍ കൊണ്ടുപോയി വെള്ളത്തിന്റെ അടുത്തുവയ്‌ക്കുക. എന്നിട്ട്‌ ദൂരെ മാറിനിന്ന്‌ നോക്കുക. കോഴിമുട്ട പൊട്ടിച്ച്‌ കോഴിക്കുഞ്ഞ്‌ പുറത്തുവരും. അതുപോലെ താറാവുമുട്ട പൊട്ടിച്ച്‌ താറാവു കുഞ്ഞ്‌ പുറത്തുവരും. രണ്ടു കുഞ്ഞുങ്ങളും വെള്ളത്തിലേക്ക്‌ നോക്കുന്നുണ്ടാകും.
കോഴിക്കുഞ്ഞ്‌ വെള്ളത്തിലേക്ക്‌ നോക്കി പേടിച്ച്‌ പുറകിലേക്ക്‌ പോകും. താറാവിന്റെ കുഞ്ഞ്‌ വെള്ളത്തിലേക്കെടുത്തു ചാടും. കോഴിക്കുഞ്ഞിനറിയാം വെള്ളത്തില്‍ച്ചാടിയാല്‍ പൊങ്ങില്ലെന്ന്‌. താറാവ്‌ കുഞ്ഞിനറിയാം; വെള്ളത്തില്‍ ചാടിയാല്‍ മുങ്ങില്ലെന്ന്‌. രണ്ടും മുട്ടയ്‌ക്കകത്തുനിന്ന്‌ ഉണ്ടായതാണ്‌.
എങ്ങനെയാണ്‌ താറാവിന്റെ കുഞ്ഞിന്‌ അറിവുണ്ടായത്‌ വെള്ളത്തില്‍ ചാടിയാല്‍ മുങ്ങില്ലെന്ന്‌. എങ്ങനെയാണ്‌ കോഴിക്കുഞ്ഞിന്‌ അറിവുണ്ടായത്‌ വെളളത്തില്‍ ചാടരുതെന്ന്‌. ആരാണ്‌ കൊടുത്തത്‌? വിവരിക്കാന്‍ സാധിക്കില്ല. പശുക്കുട്ടിയെ അല്ലെങ്കില്‍ പശുവിനെ ഒരു വലിയ പുല്‍മേടില്‍ മേയാല്‍ വിടുക. ആ പശു തിന്നുന്ന പുല്ലുകള്‍ മുഴുവന്‍ നോക്കിയിരിക്കുക. ആ പശു ഒരിക്കലും കമ്മ്യൂണിസ്‌റ്റ് പച്ച തിന്നില്ല. കാരണം പശു കോണ്‍ഗ്രസ്സായതുകൊണ്ടല്ല.
ആ കമ്യൂണിസ്‌റ്റ് പച്ച തിന്നരുതെന്ന്‌ അതിനകത്ത്‌ എഴുതിവച്ചിട്ടുണ്ട്‌. അതിന്റെ തലച്ചോറില്‍ അത്‌ എഴുതി വച്ചിട്ടുണ്ട്‌. ആ അറിവിനെയാണ്‌ പ്രപഞ്ചചൈതന്യം എന്നു പറയുന്നത്‌. അതിന്റെ ഒരു ഭാഗം ആത്മചൈതന്യമായി നമ്മളിലുണ്ട്‌. അതുകൊണ്ടാണ്‌ നമ്മുടെ ഹൃദയം പ്രവര്‍ത്തിക്കുന്നത്‌, കരള്‍ പ്രവര്‍ത്തിക്കുന്നത്‌. അത്‌ എല്ലാ ജീവജാലങ്ങളിലും പ്രവര്‍ത്തിക്കുന്നു.
കാനഡായില്‍ ആര്‍ട്ടിക്ക്‌ സമുദ്രത്തിന്റെ അടുത്ത്‌ ഒരു സ്‌ഥലമുണ്ട്‌ ന്റണ്ഡഗ്ന ങ്കത്സനുനു. അവിടെ സാല്‍മണ്‍ മത്സ്യം വന്ന്‌ മുട്ടയിടും ആ മുട്ട വിരിഞ്ഞ്‌ കുഞ്ഞുങ്ങള്‍ സാല്‍മണ്‍ ക്രീക്ക്‌ ആര്‍ട്ടിക്‌ സമുദ്രത്തില്‍നിന്ന്‌് താഴത്തേക്ക്‌ വന്ന്‌ പെസഫിക്‌ സമുദ്രത്തിലൂടെ പോയി നേരെ സൗത്ത്‌ അമേരിക്കയുടെ താഴെക്കൂടെ സൗത്ത്‌ ആഫ്രിക്ക കടന്ന്‌ പോയിട്ട്‌ അറ്റ്‌ലാന്റിക്‌ സമുദ്രവും കടന്ന്‌ ഇന്ത്യന്‍ മഹാസമുദ്രം കടന്ന്‌, ന്യൂസിലന്റുവരെ പോയി തിരിച്ച്‌ ഇന്ത്യന്‍ സമുദ്രം കടന്ന്‌ അറ്റ്‌ലാന്റിക്‌ സമുദ്രം കടന്ന്‌ സൗത്താഫ്രിക്കയും സൗത്ത്‌ അമേരിക്കയും കടന്ന്‌ പസഫിക്‌ സമുദ്രവും കടന്ന്‌ വീണ്ടും ആര്‍ട്ടിക്ക്‌ സമുദ്രത്തിലെ സാല്‍മണ്‍ ക്രീക്കില്‍ മൂന്നു വര്‍ഷം കഴിഞ്ഞ്‌ തിരിച്ചെത്തും. അപ്പോള്‍ ആ ചെറിയ മത്സ്യക്കുഞ്ഞ്‌ വലിയ ഒരു സാല്‍മണ്‍ മത്സ്യമായി മാറിയിട്ടുണ്ടാകും. അവിടെ വന്ന്‌ അത്‌ മുട്ടയിടും.അതിനുശേഷം
തലയടിച്ച്‌ ചത്തുപോകും. ഏതാണ്ട്‌ 32 ലക്ഷം ടണ്‍ സാല്‍മണ്‍ മത്സ്യങ്ങള്‍ ഒരു സീസണില്‍ മരിക്കും. അത്‌ തിന്നാന്‍ ആ പ്രദേശം മുഴുവന്‍ കരടികളായിരിക്കും. ഈ സാല്‍മണ്‍ മത്സ്യത്തോട്‌ അവിടുന്ന്‌ വിരിഞ്ഞ്‌ ന്യൂസിലന്റുവരെ പോയി തിരിച്ച്‌ ഇവിടെ വന്ന്‌ മുട്ടയിട്ട്‌ തലതല്ലി ചാവണമെന്ന്‌ പറഞ്ഞത്‌ ആരാണ്‌? ഈശ്വരാ എന്ന്‌ വിളിക്കാതെ മറ്റൊന്നും നമുക്ക്‌ സാധ്യമല്ല.
വിശ്വസിച്ചാലും വിശ്വസിച്ചില്ലെങ്കിലും ഈ ശരീരത്തെ മൊത്തം നിയന്ത്രിക്കുന്ന ഒരു ശക്‌തിയുണ്ട്‌. കണ്ണിന്‌ കാഴ്‌ച നല്‍കുന്ന ശക്‌തി, ചെവിയെ കേള്‍പ്പിക്കുന്ന ശക്‌തി, നാക്കിന്‌ സംസാരിക്കാനും സ്വാദറിയാനും സഹായിക്കുന്ന ശക്‌തി. നാക്കിന്റെ കാര്യം ഒന്നാലോചിച്ച്‌ നോക്കൂ. 32 പല്ലിന്റെ ഇടയിലൂടെ നാക്ക്‌ തലങ്ങും വിലങ്ങും പോവുകയാണ്‌.
എങ്ങാനും സാമ്പാര്‍ കൂട്ടി ഊണുകഴിക്കുമ്പോള്‍ ഈ നാക്ക്‌ പല്ലിന്റെ ഇടയില്‍ പോയാലുള്ള അവസ്‌ഥ ഒന്നാലോചിച്ചു നോക്കൂ. അവയെ എത്ര ഭംഗിയായി സൂക്ഷിച്ചുവച്ചിരിക്കുന്നു. മാത്രമല്ല എല്ലാ അവയവങ്ങളും ഒന്നു നോക്കിക്കേ; അപ്പോള്‍ നമ്മള്‍ കൈ കൂപ്പിക്കൊണ്ട്‌ പറയും 'അഹം ബ്രഹ്‌മാസ്‌മി' ഞാനും ഈശ്വര ചൈതന്യത്തിന്റെ ഭാഗമാണ്‌. അപ്പോള്‍ മനസ്സിലാകും ഈശ്വര പ്രണിധാനത്തിന്റെ അര്‍ത്ഥം.
പരമമായ ഒരു ചൈതന്യത്തിന്റെ മുമ്പില്‍ ആധാരമായി നില്‍ക്കാന്‍ നമുക്ക്‌ സാധിക്കണം. ആ ചൈതന്യത്തിന്റെ മുമ്പില്‍ കൈകൂപ്പി പ്രാര്‍ത്ഥിക്കാന്‍ സാധിക്കണം.

Post your comments here :