പണമിടപാടിന് പുതുവഴി കാര്‍ഡുകള്‍ ബാങ്കിന്റെ ആപ്പുമായി ബന്ധിപ്പിച്ച് ക്യൂആര്‍കോഡ് വഴിയാണ് പണംകൈമാറുന്നത്

പണമിടപാടിന് പുതുവഴി
കാര്‍ഡുകള്‍ ബാങ്കിന്റെ ആപ്പുമായി ബന്ധിപ്പിച്ച് ക്യൂആര്‍കോഡ് വഴിയാണ് പണംകൈമാറുന്നത്
ഷോപ്പിങിന് പോകുമ്പോള്‍ ഡെബിറ്റ് കാര്‍ഡോ, ക്രഡിറ്റ് കാര്‍ഡോ ഇനി കയ്യില്‍ കരുതേണ്ട. ബാങ്കിന്റെ ആപ്പിലൂടെ ക്യൂആര്‍ കോഡ് വഴി പണംകൈമാറാം.
ക്യൂആര്‍ കോഡ് ഉപയോഗിച്ച് കാര്‍ഡുകളുമായി ബാങ്കുകളുടെ ആപ്പിനെ ബന്ധിപ്പിക്കാനുള്ള സാധ്യത വിസ അവതരിപ്പിച്ചതോടെയാണിത്. കച്ചവടക്കാരന്റെ കൈവശമുള്ള ഇലക്ട്രോണിക്‌സ് ഡ്രാഫ്റ്റ് ക്യാപ്ച്വര്‍ മെഷീന്‍ ഉപയോഗിച്ചാണ് പണംകൈമാറാന്‍ കഴിയുന്നത്.
ഫോണിലൂടെയോ ഓണ്‍ലൈന്‍ വഴിയോ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം ഓര്‍ഡര്‍ ചെയ്തുവെന്നിരിക്കട്ടെ. ഭക്ഷണവുമായി വീട്ടിലെത്തുന്നയാളുടെ മൊബൈലിലെ ക്യുആര്‍കോഡ് സ്‌കാന്‍ ചെയ്ത് നിങ്ങളുടെ ക്രഡിറ്റ്കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വഴി പണം കൈമാറാം. പെട്രോള്‍ പമ്പിലോ, ടെക്‌സ്റ്റയില്‍ ഷോറൂമിലോ സമാനമായ രീതിയില്‍ പണം നല്‍കാം.
ഐസിഐസിഐ ബാങ്കിന്റെ വാലറ്റ് ആപ്പ് ആയ പോക്കറ്റ്‌സ് ഉപയോഗിക്കുന്ന ആളാണെങ്കില്‍ ലോഗിന്‍ ചെയ്ത് എംവിസ ഐക്കണ്‍ ഉപയോഗിച്ച് ഡെബിറ്റ് കാര്‍ഡ് ലിങ്ക് ചെയ്യുക.
പണം അടയ്‌ക്കേണ്ടസമയത്ത് ആപ്പ് തുറന്ന് ഷോപ്പിലെ ഇഡിസിഎം വഴി ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുക. നല്‍കേണ്ട തുക രേഖപ്പെടുത്തുക. പിന്‍ നല്‍കിയാല്‍ പണമിടപാട് പൂര്‍ത്തിയാകും.
ബ്ലൂടൂത്ത് വഴിയും ഭാവിയില്‍ ഈ രീതിയില്‍ പണംകൈമാറാന്‍കഴിയുമെന്ന് വിസയുടെ ഇന്ത്യ, സൗത്ത് ഏഷ്യ മാനേജര്‍ ടിആര്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.
പരീക്ഷണാര്‍ഥം ഐസിഐസിഐ ബാങ്ക് (mVisa) ബെംഗളുരുവില്‍ സേവനം ആരംഭിച്ചുകഴിഞ്ഞു. ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ തുടങ്ങിയ ബാങ്കുകളും ഉടനെ ഈ സൗകര്യം നല്‍കിതുടങ്ങും.

Post your comments here :